Saturday, April 18, 2015

വഴി മുടക്കുന്ന ഭക്തി (31.1.2015)

ഇന്ന് വൈകീട്ട്‌ മലപ്പുറത്തു നിന്നും തിരൂരിലേക്കുള്ള മടക്കയാത്ര...
ആദ്യം മലപ്പുറത്ത്‌ ക്രിസ്ത്യൻ പള്ളിയിലെ എന്തോ ആഘോഷവുമായി
ബന്ധപ്പെട്ടുള്ള ഘോഷയാത്രയിൽ
അര മണിക്കൂർ ഗതാഗത തടസ്സം.
വീണ്ടും തിരൂരിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ പാട്ടുപ്പറമ്പ്‌ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട്‌
ഒരു മണിക്കൂർ ഗതാഗതതടസ്സം.
രാഷ്ട്രീയപ്പാർട്ടികൾക്ക്‌
യോഗം ചേരാനുള്ള സ്വാതന്ത്ര്യം ഗതാഗതതടസ്സത്തിന്റെ പേരിൽ ഇല്ലാതാക്കിയ നീതിപീഠത്തിനെതിരെ ശബ്ദിച്ചതിനു സ.എം.വി.ജയരാജൻ തടവുശിക്ഷ ഏറ്റുവാങ്ങിയത്‌ ഇന്നലെ.
അദ്ധ്വാനിക്കുന്നവനെയും ഭാരം ചുമക്കുന്നവനെയും താങ്ങുന്ന,
അധർമ്മത്തിനുമേൽ ധർമ്മം വിജയിക്കുന്നത്‌ ലക്ഷ്യമാക്കുന്ന മതം,
ആഘോഷങ്ങളിലൂടെയും
താളമേളങ്ങളിലൂടെയും
വർണ്ണപ്പകിട്ടുകളിലൂടെയും
മനുഷ്യന്റെ വേദനക്ക്‌ ശമനമേകാൻ
കഴിയുന്ന ഔഷധമാകുമെങ്കിൽ
ഇവയെല്ലാം അനുസ്യൂതം തുടരട്ടെ,
പക്ഷെ അതുമാത്രം മതിയോ?
നീതിദേവതയുടെ കയ്യിലെ തുലാസിലെ ഒരു തട്ടുമാത്രം താഴ്‌ന്നുനിൽക്കുന്നോ?
ദൈവമെന്ന സങ്കൽപത്തെ നിലനിർത്താൻ മതമെന്ന ആൾക്കൂട്ടം നടത്തുന്ന തടസ്സങ്ങൾ നീണാൾവാഴട്ടെ...
ജനാധിപത്യമെന്ന യാഥാർത്ഥ്യത്തിനു ശക്തിപകരുന്ന രാഷ്ട്രീയമെന്ന മാർഗ്ഗം അടിസ്ഥാനമാക്കിയ സംഘശക്തി തടസ്സമുണ്ടാക്കിയാൽ
അവർ അഴിയെണ്ണട്ടെ...
അതാണോ നിയമം?
അതെ അതാണു നിയമം!
അതാണത്രേ നിയമം!!
പ്രകാശം പരക്കട്ടെ!!!

മ ഭൂമി/രമ (26.1.2015)

കാര്യം മാതൃഭൂമി ചെയ്തതു ബുദ്ധിപരവും സമയോചിതവും പ്രതീകാത്മകവും ആയെന്നു പറയാതിരിക്കാൻ വയ്യ.
കോടികളുടെ ചീഞ്ഞുനാറുന്ന കോഴക്കഥകൾ മൂലം പത്രം ദുർഗന്ധം പരത്തുന്നതു മനസ്സിലാക്കി അവരിന്നു മുല്ലപ്പൂമണം തന്നെ തന്നല്ലോ ഫ്രീ ആയി.
(മിക്കവാറും എന്നെ മാറൂമീലെടുക്കും)
ഇതാ സരിതക്കഥ വന്നപ്പഴേ വേണ്ടതായിരുന്നു.
ഇനി മനോരമ എന്തു ചെയ്യുമോ ആവോ
മിക്കവാറും ഉടൻ തന്നെ പ്രതീക്ഷിക്കാം ചന്ദനലേപസുഗന്ധം.
പണം കൊടുത്ത് ഇതൊക്കെ വാങ്ങി വായിക്കുന്നവരുടെ കഷ്ടകാലം

റിപ്പബ്ലിക് (26.1.2015)

സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക്‌ ദിനത്തിലെ പ്രഭാതത്തിൽ കാണുന്നത്‌ ഭാരതത്തിന്റെ ഔന്നത്യം ഉയർത്തിപിടിക്കാൻ മുന്നിട്ടിറങ്ങിയ രാഷ്ട്രനേതൃത്വത്തെയല്ല,
അടിമരാജ്യം സന്ദർശ്ശിക്കാൻ വന്ന ചക്രവർത്തിക്കു മുന്നിലെ സാമന്തരാജാവിനെപ്പോലെ ലോകമുതലാളിക്കു മുന്നിൽ ഓച്ഛാനിച്ചു നിന്ന് വിധേയത്വം വിളംബരം ചെയ്യുന്ന ഭാരതത്തിന്റെ ഭരണാധികാരിയെയാണു.
ഇന്നിനി ആർക്ക്‌ എന്ത്‌ ആശംസിക്കാനാണു?

ലീഗ് (20.1.2015)

"പേനയും പുസ്തകവുമാണു ലീഗിന്റെ ആയുധം " - കെ.എം.ഷാജി
ശരിയായിരിക്കും,
പേനയും പുസ്തകവും ഉണ്ടാക്കുമ്പൊ പൊട്ടിത്തെറിച്ച്‌ നാലഞ്ചു ലീഗുകാർ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു.

പാവങ്ങൾ,
പേനയിൽ പച്ചമഷി നിറച്ച്‌ എതിരാളിയുടെ ഷർട്ടിൽ കുടയും,
പുസ്തകം കത്തിച്ച്‌ എതിരാളിയുടെ ദേഹത്തെറിയും,
അത്രയേ ചെയ്യുള്ളൂവായിരിക്കും.

എന്താ ചെയ്യാ...
ഇനിയിപ്പൊ സ്കൂൾ കുട്ടികൾക്കൊക്കെ രക്ഷിതാക്കൾ എങ്ങനെ പേനയും പുസ്തകവും വാങ്ങിക്കൊടുക്കും?
കൊച്ചുകുട്ടികൾക്ക്‌ ആയുധം നൽകുന്നത്‌ ശരിയാണോ?

അങ്ങനെ എഴുതാതെ വായിക്കാതെ അവരും ലീഗുകാരാകും.

വാട്ട്‌ എ സൈക്കിളോടിക്കൽ മൂവ്‌!!!

കുടുംബ വാഴ്ച (19.1.2015)

കോൺഗ്രസ്സിനു ഗാന്ധി(നെഹ്രു)കുടുംബം
ലീഗിനു തങ്ങൾകുടുംബം
മാണിക്കു മാണികുടുംബം

താരം (19.1.2015)

കക്കാനറിയാവുന്ന ആണുങ്ങളും
അവരെ കുടുക്കാനറിയാവുന്ന
പെണ്ണുങ്ങളുമാണിന്ന്
കേരളത്തിലെ താരങ്ങൾ

റൺ കേരള (18.1.2015)

ഓടാൻ ധൈര്യം പോരാ...
സംഭവം കേരളത്തിൽ ദേശീയ ഗെയിംസ്‌ നടക്കുന്നതിൽ സന്തോഷവും അഭിമാനവും ഒക്കെയുണ്ട്‌.
പക്ഷെ കോമൺ വെൽത്ത്‌ ഗെയിംസ്‌ നടത്തിയവരുടെ പാർട്ടി തന്നെയാണു കേരളം ഭരിക്കുന്നതെന്നോർക്കുമ്പോഴും ഗെയിംസിനെക്കുറിച്ചു കേൾക്കുന്ന വാർത്തകളെക്കുറിച്ചറിയുമ്പോഴും ഒരു പേടി.
പ്രതിദിനം പുറത്തുവരുന്ന ചീഞ്ഞുനാറിയ അഴിമതിക്കഥകളിൽ മുഖ്യമന്ത്രിക്കും കൂട്ടർക്കും നാണക്കേടു കാണില്ല,
ആകെ മുങ്ങിയാൽ കുളിരില്ലല്ലോ.
പക്ഷെ ഇതിനെ പ്രൊമോട്ട്‌ ചെയ്യാൻ നമ്മൾ ഓടിയാൽ കുറച്ചു കഴിഞ്ഞ്‌ വെളിപ്പെടുത്തലുകളും കഥകളും പുറത്തുവരുമ്പോൾ ഇതിന്റെയൊക്കെ ഭാഗമായിപ്പോയോ എന്നൊരു മനഃസാക്ഷിക്കുത്തു തോന്നിപ്പോകും.
അതിനാൽ ഇപ്പഴേ ഓടാനും ചാടാനുമൊന്നും പോകാതെ കാണിയാകുന്നതായിരിക്കും നല്ലത്‌

വീഞ്ഞും വെള്ളവും (17.1.2015)

അന്നു വെള്ളം വീഞ്ഞാക്കി ദൈവപുത്രൻ,
ഇന്നു മദ്യം വീഞ്ഞും ബിയറുമാക്കിയവരെ നാളെ ഒരിക്കൽ വിശുദ്ധരല്ലാതാക്കുമോ ഇന്നവരെ താങ്ങുന്നവർ?

ഒരഭ്യർത്ഥന (16.1.2015)

മദമിളകിയ ആനയെ തളക്കാാനുള്ള ശ്രമത്തിൽ മരണപ്പെട്ട ഡോ.ഗോപ്കുമാറിന്റെ കുടുംബത്തിനു സഹായമായി 15 ലക്ഷം രൂപയും മകൾക്ക്‌ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കണ്ടു. നല്ല കാര്യം അഭിനന്ദനങ്ങൾ.
പക്ഷെ മിക്കവർക്കുമറിയാത്ത മറ്റൊരു കാര്യമുണ്ട്‌. അദ്ദേഹത്തിന്റെ പത്നി തിരുവനന്തപുരം നേമം ഹോമിയോപ്പതിക്‌ മെഡിക്കൽ കോളേജിലെ അദ്ധ്യാപികയാണു. ചിലരുടെയൊക്കെ വാശിയും സ്ഥാപിതതാൽപര്യങ്ങളും മൂലം മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ആ മെഡിക്കൽ കോളേജിലെ അദ്ധ്യാപകരിൽ ഒരാൾ.

അതെ, മാനേജ്‌മന്റ്‌ നിയമിച്ച പ്രിൻസിപ്പാളും സീനിയോറിറ്റി ഉള്ളതിനാൽ കോടതി വഴി അനുകൂല ഉത്തരവു വാങ്ങിയ മറ്റൊരു അദ്ധ്യാപികയും തമ്മിലുള്ള മൂപ്പിളമ പ്രശ്നം മൂലം മാസങ്ങളായി ആ മെഡിക്കൽ കോളേജിൽ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളമോ ഹൗസ്‌ സർജ്ജന്മാർക്ക്‌ സ്റ്റൈപ്പന്റോ ലഭിക്കുന്നില്ല. പലരും നന്നായി കഷ്ടപ്പെടുന്നുണ്ട്‌.
സ്റ്റൈപ്പന്റ്‌ ലഭിച്ച ശേഷം ആ പണം കൊണ്ട്‌ ക്ലിനിക്ക്‌ തുടങ്ങാൻ ആഗ്രഹിക്കുന്ന പല യുവഡോക്ടർമ്മാരും പഠനം പൂർത്തിയായിട്ടും വീട്ടുകാരുടെ ചെലവിൽ കഴിയേണ്ടി വരുന്നു. പലരുടെയും സാമ്പത്തികസ്ഥിതി മെച്ചമല്ല.
സമരങ്ങൾ നടന്നെങ്കിലും എങ്ങുമെത്തിയില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്നു പറഞ്ഞു കൈകഴുകാതെ ഈ വിഷയം പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അതായിരിക്കും ഡോ.ഗോപകുമാറിന്റെ കുടുംബത്തിനു നൽകാവുന്ന ഏറ്റവും നല്ല കാരുണ്യവും മറ്റു നിരവധി കുടുംബങ്ങൾക്കു നൽകാവുന്ന സഹായവും.

തിരിച്ചറിവ് (10.1.2015)

വ്യക്തി-വ്യക്തികൾ-സംഘടന
(സങ്കല്പം)
സംഘടന-വ്യക്തികൾ-വ്യക്തി
(യാഥാർത്ഥ്യം)
സെൽഫ് മാർക്കറ്റിങ് ആയിരിക്കണം പ്രധാനം
കസേരയായിരിക്കണം ലക്ഷ്യം
പ്രവർത്തനമായിരിക്കണം അപ്രധാനം
പാരവെപ്പായിരിക്കണം മാർഗം
(സമകാലിക തിരിച്ചറിവുകൾ)

കുഴലൂത്ത് (10.1.2015)

പഴയ കഥയിലെ കുഴലൂത്തുകാരനു പിന്നിലെ എലികളിൽ ഒരാൾക്കെങ്കിലും തിരിഞ്ഞു നടക്കാമായിരുന്നില്ലേ?
എത്ര മികച്ച പാട്ടാണെങ്കിലും ഇടക്കൊരപശബ്ദമെങ്കിലും ഇല്ലായിരിക്കുമോ?
അതു തിരിച്ചറിയാഞ്ഞതെന്തുകൊണ്ട്?
അതോ തിരിച്ചറിഞ്ഞവരെയും മറ്റുള്ളവർ പിന്തിരിപ്പിച്ചോ?
ആ അപശബ്ദമാണു ശരിയായ ഈണം എന്നു തെറ്റിദ്ധരിപ്പിച്ചോ?

ഓയിൽ (10.1.2015)

ഓയിലിൽ ചവിട്ടി മൂക്കും കുത്തി വീണു
കേസിൽ പെട്ടവർക്കേ ആ വേദന മനസ്സിലാകൂ.
പാം ആയാലും കരി ആയാലും ഓയിൽ ഓയിലും
കേസ് കേസും തന്നെ.
തുല്യ ദുഖിതരെ, അതും തനിക്കിനിയും ഒരു പാടു ചുടുചോറു വാരിക്കാനുള്ളവരെ,
ആ മഹാനായ മനുഷ്യൻ ഒന്നു സഹായിച്ചു,
അത്രയേയുള്ളൂ.
അതിനിങ്ങനെയെല്ലാം പറയാമോ?

മത നിന്ദകർ (9.1.2015)

ദൈവത്തിനെതിരെ എന്തെങ്കിലും ആക്രമണമോ അതിക്രമമോ അവഹേളനമോ നടന്നാൽ - ദൈവികം അല്ലെങ്കിൽ ദൈവകേന്ദ്രീകൃതമായി കണക്കാക്കപ്പെടുന്ന മതങ്ങളുടെ നിലപാടുകളെയും നിയമസംഹിതകളെയും ചോദ്യം ചെയ്യുകയോ വെല്ലുവിളിക്കുകയോ ചെയ്താൽ - ഉത്തരവാദികൾക്കുള്ള മറുപടി ദൈവം തന്നെ നൽകില്ലേ?
ഇഹലോകത്തിലെ നമക്കും തിന്മക്കുമുള്ള പ്രതിഫലം പരലോകത്ത്‌ ലഭിക്കുമെന്നാണല്ലോ മതങ്ങൾ മൈക്കിലൂടെ അലറുന്നത്‌.
എങ്കിൽ പിന്നെ ദൈവത്തിനും മതത്തിനുമെതിരെയുള്ള നീക്കങ്ങളെ തോക്കും ബോംബും ത്രിശൂലവും കൊണ്ടെതിർക്കുന്ന ദൈവത്തിന്റെ "സ്വന്തം ആളുകൾ" നടത്തുന്ന പ്രവർത്തനങ്ങൾ ദൈവത്തിനു ശക്തിയില്ലെന്നു വരുത്തി അപമാനിക്കലും പരലോകത്തിൽ ലഭിക്കുമെന്നു അവരാൽ തന്നെ പഠിപ്പിക്കപ്പെട്ട ശിക്ഷയിലുള്ള വിശ്വാസം ഇല്ലാതാക്കലുമല്ലേ?
അപ്പോൾ ആരാണു യഥാർത്ഥ മതനിന്ദകർ?

മനുഷ്യൻ (5.1.2015)

ഇന്ത്യയിൽ മനുഷ്യരായി പിറന്ന ആരെങ്കിലും ഉണ്ടോ?

എക്സ്റ്റേണൽ എം.ഡി - 2 (ഹോമിയോപ്പത്സിനു മാത്രം) (1.1.2015)

(ഹോമിയോപ്പതിക്കാരല്ലാത്ത സുഹൃത്തുക്കൾക്ക് ഒന്നും മനസ്സിലായെന്നു വരില്ല)
IHMA അംഗങ്ങളിലും ഭാരവാഹികളിലും ഉൾപ്പെട്ട എക്സ്റ്റേണൽ എം.ഡി എടുത്ത ചിലരുടെ പേരുകൾ പരസ്യപ്പെടുത്തി എന്ന പേരിൽ എന്നെ പേരു പറയാതെ unethical, uncivilized, not suitable for medical profession എന്നുമൊക്കെ വിശേഷിപ്പിച്ചുകൊണ്ടും ഞാൻ സമൂഹത്തിലെ മാന്യന്മാരും ബഹുമാന്യരുമായ ഡോക്ടർമാരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു എന്നു പറഞ്ഞും IHMA News എന്ന അവരുടെ ഔദ്യോഗികം എന്നു കരുതുന്ന പ്രൊഫൈലിൽ നിന്നൊരു പോസ്റ്റ് കണ്ടു. അതുപോലെ എനിക്കു പ്രവേശനം നിഷേധിച്ച ഒരു ഗ്രൂപ്പിൽ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നതും കണ്ടു. ചില കാര്യങ്ങൾ പറയട്ടെ.
1. "സി.സി.എച്ച് അംഗീകരിച്ചതിനാൽ അംഗങ്ങൾ അതെടുക്കുന്നതിൽ തങ്ങൾക്കെതിർപ്പില്ല" എന്ന് IHMA നേതാക്കൾ തന്നെ പറയുന്ന ഒരു കോഴ്സ് ചെയ്തവർ എന്ന നിലയിൽ കുറച്ചു പേരുടെ പേരു പറഞ്ഞാൽ എങ്ങനെയാണു അവഹേളനമാകുന്നത്? അതെടുത്തവരെയൊന്നും വ്യക്തിപരമായി കളിയാക്കിയിട്ടോ അപമാനിച്ചിട്ടോ ഇല്ലല്ലോ? പുറത്തു പറഞ്ഞാൽ നാണക്കേടുണ്ടാകുന്ന കോഴ്സാണെങ്കിൽ എന്തിനു പണം മുടക്കി ഈ പറയുന്ന IHMA നേതാക്കളും നേതാക്കളുടെ ഭാര്യമാരും അംഗങ്ങളുമൊക്കെ അതിനു പോയി? ഒരു എം.ഡി. ഉള്ളയാളാണ് എന്നു പറഞ്ഞ് ഒരു ഡോക്ടറുടെ പേരു പറഞ്ഞാൽ അതെങ്ങനെ അപമാനമാകും? അവരെല്ലാം തന്നെ പരസ്യമായി ആ യോഗ്യത സ്വന്തം നെയിം ബോർഡിലും വിസിറ്റിങ് കാർഡിലും ലെറ്റർപാഡിലും ഔദ്യോഗിക രേഖകളിലുമെല്ലാം പ്രസിദ്ധീകരിക്കുന്നതല്ലേ? അതോ നാണക്കേടുണ്ടായത് ഇതുവരെ സ്വന്തം മുറ്റത്തെ മരം മറച്ചു വെച്ച് മറ്റുള്ളവരുടെ പറമ്പിലെ പുല്ലു പറിക്കാൻ നടന്നതിന്റെ സത്യാവസ്ഥ എല്ലാവരും അറിഞ്ഞപ്പോഴാണോ?
2. യഥാർത്ഥത്തിൽ IHMA യിലെ എക്സ്റ്റേണൽ പി.ജി. എടുത്തവരെ അപമാനിച്ചത് പത്രവാർത്ത കൊടുക്കുകയും സോഷ്യൽ മീഡിയയിൽ അവർക്കെതിരെ മോശം കമന്റുകൾ ഇടുകയും ചെയ്ത ഡോ.ജോൺ.കെ.ചാക്കോ ഉൾപ്പെടെയുള്ള IHMA നേതാക്കൾ തന്നെയാണ്. (IHMA പരസ്യ - രഹസ്യ ഗ്രൂപ്പുകളിലെ പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻ ഷോട്ട്സ് തെളിവായി എന്റെ സിസ്റ്റത്തിലും മൊബൈലിലും ഉണ്ട്. എല്ലാം കൂടി ഇട്ടാൽ താങ്ങില്ല) പോസ്റ്റൽ പി.ജി. എന്നു തലക്കെട്ടു നൽകി നാണം കെടുത്തി. രോഗികളെ ചികിത്സിച്ചോ പരിചരിച്ചോ യാതൊരു മുൻ പരിചയവും ഇല്ല എം.ഡി. എടുത്തവർക്ക് എന്ന് തെറ്റായി വാർത്തയിൽ കൊടുത്ത് അപമാനിച്ചു. (20 വർഷത്തിൽ കൂടുതൽ ചികിത്സാപരിചയമുള്ളവരും കോളേജ് അദ്ധ്യാപകരുമൊക്കെയാണല്ലോ അവരിൽ മിക്കവരും). ഇത്തരത്തിൽ സമൂഹത്തിലെ മാന്യന്മാരും ബഹുമാന്യരുമായ സ്വന്തം അംഗങ്ങളെ അപമാനിച്ചതിനു ആദ്യം അവരോടു മാപ്പു ചോദിക്കൂ. എന്തായാലും അവരുടെ പേരുകൾ ഞാൻ പറഞ്ഞതിലും വലിയ അപമാനമാണല്ലോ അവർക്ക് അതു വഴി ഉണ്ടായത്. മാത്രമല്ല പൊതുജനങ്ങൾക്കിടയിൽ ഹോമിയോപ്പതിക്ക് എന്തു മാത്രം നിലവാരത്തകർച്ചയാണാ തെറ്റായ വാർത്തയിലൂടെ ഉണ്ടായതെന്നു നിങ്ങൾക്കു മനസ്സിലാകുന്നില്ലേ?
3. വിദ്യാർത്ഥികൾ എസ്.എഫ്.ഐ. നേതൃത്വത്തിൽ നടത്തിയ സമരത്തിന്റെ - പത്രവാർത്ത പ്രകാരം സമരം നടത്തിയതും ഉദ്ഘാടനം ചെയ്തതും ചർച്ചയിൽ പങ്കെടുത്തതുമൊക്കെ എസ്.എഫ്.ഐ.ക്കാർ ആണെന്നു കാണുന്നു - പിറ്റേന്ന് തുല്യത നിരസിപ്പിച്ചതിനു IHMA ചാപ്റ്ററുകളെ അഭിനന്ദിക്കുകയും സമരം നയിച്ചതിനു IHMA ചാപ്റ്റർ സെക്രട്ടറിയെ (ആ നിലയിൽ തന്നെ) അഭിനന്ദിക്കുകയും ഒക്കെ ചെയ്തു മമ്മൂഞ്ഞു ചമഞ്ഞാൽ ചോദ്യങ്ങൾ വരും, അതിനു വിഷമിച്ചിട്ടു കാര്യമില്ല. സ്വയം ചെയ്തെന്നു പത്രത്തിൽ കൊടുക്കാനും പറ്റും. എല്ലാം തീർന്ന ശേഷം മറ്റുള്ളവർ ക്രെഡിറ്റ് എടുക്കുന്നു എന്ന് ദീനരോദനം നടത്തി കുറേ പേരുകളും മറ്റും പറഞ്ഞ് എല്ലാം ഞമ്മളാ എന്നു സ്ഥാപിക്കാൻ ശ്രമിച്ചാൽ കയ്യടിക്കാൻ കുറേ സിൽബന്തികൾ കാണും. ഐ.എച്ച്.കെ. ഇതിൽ എന്തു നിലപാടെടുത്തു എന്ന് സമരം നടത്തിയ വിദ്യാർത്ഥിപ്രതിനിധികൾക്കറിയാം. അതാരുടെയും വീട്ടിൽ വന്ന് അറിയിക്കേണ്ട കാര്യമില്ല. വൈറ്റില ഹബ്ബും മാനാഞ്ചിറ മൈതാനവും കോവളം ബീച്ചും നിങ്ങളുണ്ടാക്കി എന്നു പറഞ്ഞാലും കയ്യടിക്കാൻ കുറേ പേർ കാണും. അതെന്റെ വിഷയമല്ല.
4. ഡിപ്ലോമക്കാർ എക്സ്റ്റേണൽ എം.ഡി. എടുക്കുന്നു എന്ന നിലയിൽ ചർച്ച വഴി മാറ്റുന്ന നിങ്ങൾ എതിർക്കുന്നത് എക്സ്റ്റേണൽ എം.ഡി.യെയാണോ അതോ ഡിപ്ലോമക്കാർ എക്സ്റ്റേണൽ എം.ഡി. എടുക്കുന്നതിനെയാണോ? അങ്ങനെയാണെങ്കിൽ BHMS ഉള്ളവർ എക്സ്റ്റേണൽ എം.ഡി. എടുക്കുന്നതിനെ നിങ്ങൾ പിന്തുണക്കുകയും അവർക്കു തുല്യത നൽകുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നുണ്ടോ?
5. എക്സ്റ്റേണൽ എം.ഡി. ഉണ്ട് എന്ന പേരിൽ സി.സി.എച്ച്. മെമ്പറെ അവഹേളിക്കുന്നവർക്ക് സി.സി.എച്ച് അംഗീകരിച്ച ഒരു കോഴ്സ് നിങ്ങളുടെ അംഗങ്ങളെപ്പോലെ സി.സി.എച്ച്. മെമ്പറാവുന്നതിനു മുൻപ് എടുത്തു എന്നതല്ലാതെ മറ്റെന്തുണ്ട് പറയാൻ? KUHSൽ എന്താണു ഒരു സി.സി.എച്ച്. അംഗത്തിനു ചെയ്യാൻ കഴിയുക? കേരളത്തിൽ നിന്ന് ഇപ്പോൾ 5 സി.സി.എച്ച്. അംഗങ്ങൾ ഉണ്ട്. ഐ.എച്ച്.കെ പ്രതിനിധികൾ ആയി തെരഞെടുപ്പു വഴി വന്ന രണ്ടു പേർ മാത്രം. ഡോ.രവി.എം.നായർ നോമിനേറ്റഡ് ആണ്. കുഹാസ് നോമിനേറ്റഡ് പ്രതിനിധിയായ ഡോ.കെ.എൽ.ബാബു IHMA. പിന്നെയുള്ളത് കാലാവധി കഴിഞ്ഞിട്ടും കടിച്ചു തൂങ്ങി നിൽക്കുന്ന IHMA മുൻ ഭാരവാഹിയായ ഡോ.ജോസ് ഐസക്ക്. എന്നിട്ടും പഴി മുഴുവൻ ഐ.എച്ച്.കെ.യുടെ അംഗങ്ങൾക്ക്. ഇത്രയൊക്കെ ശക്തരും സ്വാധീനമുള്ളവരുമാണല്ലേ അവർ?
6. എക്സ്റ്റേണൽ എം.ഡി.യെ അനുകൂലിക്കുന്നവർ എന്നു പ്രചാരണം നടത്തി ഐ.എച്ച്.കെ. യുടെ പി.ജി.എൻട്രൻസ് കോച്ചിങ്ങിനെ കളിയാക്കുകയും അതിൽ ചേരുന്നതിൽ നിന്നു ഡോക്ടർമാരെയും ക്ലാസെടുക്കുന്നതിൽ നിന്നു ഫാക്കൽറ്റികളെയും അതേ കാരണം പറഞ്ഞു പിന്തിരിപ്പിക്കുകയും ചെയ്ത IHMA നേതാക്കൾക്ക് എന്തു തെളിവുണ്ട് ഐ.എച്ച്.കെ. അതിനെ പിന്തുണക്കുന്നു എന്നു തെളിയിക്കാൻ? നിങ്ങളിലും ഞങ്ങളിലും പണം മുടക്കാൻ തയ്യാറുള്ളവർ അതെടുത്തു. ഞങ്ങൾ മാത്രം കുറ്റക്കാർ, നിങ്ങളെല്ലാം പരിശുദ്ധർ. അതെവിടുത്തെ ന്യായം?
7. ആദ്യം IHMA എക്സ്റ്റേണൽ പി.ജി.യെ എതിർക്കുന്നെന്നും പിന്നെ അതിൽ എക്സ്റ്റേണൽ പി.ജി.ക്കാർ ഇല്ലെന്നും പിന്നെ ഭാരവാഹികൾ ഇല്ലെന്നും പിന്നെ സി.സി.എച്ച്. അംഗീകരിച്ചതുകൊണ്ട് അംഗങ്ങൾ എടുക്കുന്നതിനെ എതിർക്കാൻ കഴിയില്ലെന്നും പിന്നെ അതെടുത്തവർക്ക് ഭാരവാഹിയാവാൻ പറ്റില്ലെന്നു പറഞ്ഞിട്ടില്ലെന്നും പിന്നെ എക്സ്റ്റേണൽ പി.ജി. ഉള്ളവർക്ക് എതിരല്ലെന്നും മാറി മാറി നിലപാടു മാറ്റിക്കൊണ്ടിരിക്കുന്ന IHMA ഭാരവാഹികൾ ഇനിയെങ്കിലും പറയൂ.. നിങ്ങളുടെ അംഗങ്ങൾ എക്സ്റ്റേണൽ പി.ജി.എടുത്തതിനോടും അവർ നിങ്ങളുടെ ഭാരവാഹികളായി തുടരുന്നതിനെയും നിങ്ങൾ അനുകൂലിക്കുന്നോ അതോ എതിർക്കുന്നോ?
8. ഞാൻ അത്രയും പേരുടെ പേരു വെച്ച് പോസ്റ്റിടുന്നതിനു മുൻപ് IHMA യിലെ യുവ ഭാരവാഹികൾ ഉൾപ്പെടെ കേരളത്തിലെ വലിയൊരു ശതമാനം ഡോക്ടർമാരും വിദ്യാർത്ഥികളും അതിനെക്കുറിച്ചു ബോധവാന്മാരല്ലായിരുന്നെന്ന് എനിക്കുറപ്പുണ്ട്. എനിക്കു വാട്ട്സാപ്പിലും മെസെഞ്ചറിലും ടെലിഗ്രാമിലും വന്ന മെസേജുകൾ അതു തെളിയിക്കുന്നു. IHMA യിൽ തന്നെയുള്ളവർ സഹായിച്ചതുകൊണ്ടാണു പല രഹസ്യ ഗ്രൂപ്പുകളിലെയും സ്ക്രീൻ ഷോട്ടുകൾ എനിക്കു കിട്ടിയത്. IHMA യുടെ നേതാക്കളുടെ വാക്കുകൾ മാത്രം വിശ്വസിച്ചു നീങ്ങുന്ന ഒരു "തത്തമ്മേ പൂച്ച പൂച്ച" തലമുറയിൽ നിന്നും വ്യത്യസ്ഥമായി തെറ്റിനെ ചോദ്യം ചെയ്യാൻ ചങ്കൂറ്റമുള്ള യുവാക്കൾ അതിൽ തന്നെ വളർന്നു വരുന്നതിനെ ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യം ചെയ്യുന്നു.
9. IHK കേരളത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന 4000 അംഗങ്ങളോളം മാത്രം ഉള്ള ചെറിയ സംഘടനയാണ്. കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ടു സി.സി.എച്ച്. അംഗങ്ങൾ മാത്രമേ IHKക്കുള്ളൂ. പക്ഷെ IHMA അങ്ങനെയല്ലല്ലോ. ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച ഒരു വലിയ സംഘടനയല്ലേ? അപ്പോൾ കേരളത്തിനു പുറത്തുള്ള എല്ലാ സംസ്ഥാനങ്ങളിലും സി.സി.എച്ച്. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ഒക്കെ ചെയ്തു കാണുമല്ലോ. അപ്പോൾ സി.സി.എച്ചിൽ കേരളത്തിൽ നിന്നുള്ള കേവലം രണ്ടു ഐ.എച്ച്.കെ അംഗങ്ങളെ അപേക്ഷിച്ചു ഭൂരിപക്ഷവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള IHMA അംഗങ്ങളായിരിക്കുമല്ലോ. പിന്നെന്തിനാണ് ഹോമിയോപ്പതിയിലെ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം കേരളത്തിൽ നിന്നുള്ള സി.സി.എച്ച്. അംഗങ്ങളാണെന്ന് ഒന്നു വീതം മൂന്നു നേരം "ജയിച്ചിട്ടില്ല ജയിച്ചിട്ടില്ല ജയിച്ച ചരിത്രം കേട്ടിട്ടില്ല" എന്ന സി.സി.എച്ച് തെരഞ്ഞെടുപ്പിലെ സ്ഥിരാനുഭവത്തിന്റെ കൊതിക്കെറുവ് തീർക്കാനെന്ന മട്ടിൽ വിളിച്ചുകൂവി നടക്കുന്നത്? ഭൂരിപക്ഷം വരുന്ന സ്വന്തം അംഗങ്ങളെക്കൊണ്ട് അനുകൂലമായ തീരുമാനം എടുപ്പിച്ചാൽ പോരേ?
10. ഇനി ഒരു കാര്യം കൂടി, ഹോമിയോക്കാർ തല്ലുകൂടുന്നു, ഐക്യം വേണം എന്നൊക്കെ പറയുന്നവരുണ്ട്. അതൊരു വശത്തു നിന്നു മാത്രം മതിയോ എന്നും ഇത്തരം കള്ളക്കളികളും ഇരട്ടത്താപ്പുകളും നിലപാടില്ലായ്മയും എതിർക്കേണ്ടേ എന്നും സംഘടനകൾ നിലപാടുകളിൽ ഉറച്ചു നിൽക്കാതെ വഴുതിക്കളിക്കുന്നതു ശരിയാണോ എന്നും ഇത്തരത്തിൽ സ്വന്തം നിലപാടിൽ വെള്ളം ചേർക്കുമ്പോഴും മറ്റു സംഘടനയുടെ തലയിൽ കുറ്റം കെട്ടി വെക്കുന്ന നിലപാടുകൾ പുലർത്തുമ്പോൾ ഐക്യം എങ്ങനെ പ്രാവർത്തികമാവുമെന്നും കൂടി പറയണം എന്നഭ്യർത്ഥിക്കുന്നു.
ഇതൊക്കെ വായിക്കുമ്പോൾ "ഇവനു വട്ടാണോ? മിണ്ടാതിരുന്നൂടേ? വേറേ പണിയില്ലേ? ഡോക്ടർമാരുടെ നിലവാരം കളയുന്നോ?" എന്നൊക്കെ തോന്നുന്നവരുണ്ടാവും.
ഞാനിങ്ങനെയാണു ഭായ്...
തെറ്റെന്ന്, കാപട്യമെന്ന് എനിക്കു തോന്നുന്നതിനെ ചോദ്യം ചെയ്യാതിരിക്കാൻ കഴിയില്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക. ഞാൻ മാറണമെങ്കിൽ ഞാൻ മരിക്കണം.
അതുവരെ unethical, uncivilized, not suitable for medical profession ആയിത്തന്നെ തുടരും. നന്ദി.
(ചിലർ കാണാൻ തന്നെയാണ് ഇതിങ്ങനെ പരസ്യമായി ഇട്ടത്)